
ടെഹ്റാൻ: ഇറാനിലെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഭൂമിക്കടിയിലേക്ക് തുളച്ചുകയറുന്ന ശേഷിയുള്ള ഏകദേശം 2,268 കിലോഗ്രാം ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് തീരപ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങൾക്കെതിരെ പ്രയോഗിച്ചത്. ഹോർമുസ് കടലിടുക്കിൽ ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്കയുടെ ആക്രമണം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായിരുന്ന ഇറാന്റെ ക്രൂയിസ് മിസൈൽ സംവിധാനങ്ങളെ പ്രവർത്തനരഹിതമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ പ്രധാന കടൽപാതയിലെ തടസ്സം ആഗോള എണ്ണവില ഉയരാനും കടൽഗതാഗതം തടസ്സപ്പെടാനും കാരണമായി. ഇതിനെ തുടർന്ന് കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ സൈനിക ഇടപെടൽ അനിവാര്യമാണെന്ന നിലപാടിലാണ് അമേരിക്ക.
‘ബങ്കർ ബസ്റ്റർ’ വിഭാഗത്തിൽപ്പെടുന്ന ഈ ബോംബുകൾക്ക് കനത്ത പാറയും കോൺക്രീറ്റ് പാളികളും തുരന്ന് അടിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാനുള്ള കഴിവുണ്ട്. ഓരോ ബോംബിനും ഏകദേശം 2.88 ലക്ഷം ഡോളറാണ് വില. മുമ്പ് ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ ഉപയോഗിച്ച അതിലധികം ഭാരം കൂടിയ ബോംബുകളേക്കാൾ ശേഷി കുറവാണെങ്കിലും, മിസൈൽ താവളങ്ങൾ നശിപ്പിക്കാൻ ഇവ മതിയെന്നാണ് സൈനിക വിലയിരുത്തൽ.
അതേസമയം, ഹോർമുസ് മേഖലയിലെ സൈനിക നടപടികൾക്ക് പിന്തുണ നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും, നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ അതിന് തയ്യാറായില്ല. ഇതിൽ ട്രംപ് തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും, അമേരിക്ക നൽകിയ സഹായങ്ങൾക്കു മറുപടിയായി കുറഞ്ഞത് അടിസ്ഥാന സൈനിക പിന്തുണയെങ്കിലും പ്രതീക്ഷിച്ചതായും വ്യക്തമാക്കി.
സഖ്യകക്ഷികളുടെ പിന്തുണ ഇല്ലെങ്കിലും ഇറാനെതിരായ നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ നിന്നുള്ള ഭീഷണി സംബന്ധിച്ച തന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സൈനിക നീക്കം തുടങ്ങിയതെന്നും, സാഹചര്യം നിയന്ത്രണത്തിലാകുന്നതുവരെ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











